Sunday, 13 November 2016

നിന്നിലെ എന്നെ...

നിന്നിലെ എന്നെ ....
- - - - - - - -

നിന്നിലെ എന്നെ നീ തിരയാതിരിക്കുക  
കാരണം
വാക്കുകൾക്കിടയിലെ
കഴുമരത്തിൽ പലകുറിയായ്
ഞാൻ
തൂക്കിലേറ്റപ്പെട്ടിരിക്കുന്നു..

മിഥ്യയിലേക്കുള്ള കവാടത്തിന്റെ
താക്കോൽ സൂക്ഷിപ്പുകാരൻ
ആണ് കാലം
കറുത്ത മുഖംമൂടി അണിഞ്ഞെത്തിയ
മരണമായി ഞാനും
സൂചികളില്ലാത്ത ഘടികാരത്തിൽ
നിമിഷങ്ങൾ അളക്കുന്ന
ഓർമകളായി നീയും ..

ചിലന്തിവലയിൽ കുരുങ്ങിയ
കണ്ണുകൾ നിശ്ചലം ആയി
ഇരുട്ടാണ്‌ നിന്റെ മുഖം..
പുതിയ മാർഗങ്ങൾ തേടി
ഒടുവിൽ
ഭൂതകാലത്തിന്റെ നിഴലിൽ
ശയിക്കുന്ന സഞ്ചാരികൾ.....

ഇലകളായി പൊഴിയുന്ന ശിശിരം
പൂക്കളായി വിടരുന്ന വസന്തം,
നെരിപ്പോടിൽ നിന്ന്ഉയരുന്ന
താപം
നിന്റെ ഉടലിനെ പുണരുമ്പോൾ
ജാലകത്തിനപ്പുറം പെയ്യുന്ന
മഞ്ഞിൽ മറയുന്ന
നിന്റെ സ്വപ്നം ആകുന്നു ഞാൻ......

No comments:

Post a Comment