Wednesday 5 December 2018

ജീവിതം....

ഒരു ജീവിതവും ഇന്നുവരെ നേർ രേഖയിൽ സഞ്ചരിച്ചിട്ടില്ല...ഉയർന്നും താണും  തിരിഞ്ഞും മറിഞ്ഞും തകർന്നടിഞ്ഞും തിരിച്ചുപിടിച്ചുമൊക്കെയാണു....
ജീവിതം അതിന്റെ താളം കണ്ടെത്തുന്നത്...

Saturday 10 November 2018

അവസാന വരി.....

"ഒരിക്കൽ എന്നെ
തിരയേണ്ടി വരും.
അന്ന്,
അവസാന എഴുത്തിന്റെ
അവസാന വരിയിൽ
തിരിച്ചറിയാനാവാത്ത വിധം
ഞാൻ പ്രത്യക്ഷമാകും.
അവസാന വാക്കിന് തൊട്ടു മുൻപ്
ഞാൻ വിട തരും...
ഉറപ്പ്..! "

Friday 9 November 2018

അച്ഛൻ...

അച്ഛന്റെ അതെ ശീലങ്ങളാണ് മോനും എന്ന് കേട്ടുതുടങ്ങിയപ്പോഴാണ്,
എന്റെ ശീലങ്ങളെ ഞാൻ ഇഷ്ട്ടപെട്ടുതുടങ്ങിയത്....

പ്രാർത്ഥന....

ചെമ്പനീർ പൂവിന്റെ നൊമ്പരം പേറുന്ന പൂമ്പാറ്റയായിന്നു മാറിടുവാൻ...
കടലിന്റെ ആഴത്തിൽ ഒഴുകി മറയുന്നൊരാ നദി തന്റെ ഓളങ്ങളായീടുവാൻ...
ഒരു മഴ ചാർത്തിനെ കൊതിയോടെ പുൽകുവാൻ കേഴുന്ന വേഴാമ്പലായീടുവാൻ..
വീണ്ടുമീ ഇരുളിനെ നിറദീപമാക്കുന്ന ഒരു കൊച്ചു തിരിനാളമായിടുവാൻ...
കൊഴിയാൻ കൊതിക്കുന്ന ഇത്തിരിപ്പൂവിന്റെ ഒടുവിലെ പുഞ്ചിരിയായീടുവാൻ...
കരയുന്ന കുഞ്ഞിന്റെ നാവിലായ് നൽകുന്ന അമ്മതൻ ഔഷധമായിടുവാൻ..
ആദ്യമായി ഋതുനിണം ചൊരിയുന്ന പെണ്ണിൻറെ നെഞ്ചിലെ സ്വപ്നങ്ങളായിടുവാൻ....
പുലരിയിൽ കുളിരേറ്റ പുൽനാമ്പിനൊരുനേരത്ത ഇളവെയിലായിനു മാറിടുവാൻ... ഏതോ നിരാശയാൽ എങ്ങോ മറയുന്നു കാറ്റിന്റെ പ്രത്യാശയായിടുവാൻ...
മരണം കൊതിക്കുന്ന മനുജന്റ ചുണ്ടിലെ ഒടുവിലെ പ്രാർത്ഥനയായിടുവാൻ...
ദൈവമേ മാറ്റിടൂ.. എന്നെ നീ മാറ്റിടൂ... പുഞ്ചിരിതൂകുന്ന വെൺപിറാവായ്.....

© Ebin Baby - Kurumulamthadathil

Thursday 8 November 2018

കൂട്ട്

നിങ്ങൾക്കുമുണ്ടോ
ചിലകൂട്ടുകാർ
നിനച്ചിരിക്കാത്ത നേരത്ത്
വഴിമാറി നടന്നവർ
      
       പെരുമഴയത്ത്
       ഒറ്റയ്ക്ക് നിർത്തി
       നക്ഷത്രച്ചിറകേറിപ്പോയവർ

ചെയ്യാത്ത തെറ്റിന്
ശിക്ഷ വിധിച്ച്
നടപ്പിലാക്കുന്നവർ
      
       ഓർമകളിൽ
       കണ്ണീരായ്
       പെയ്തിറങ്ങുന്നവർ

നൊമ്പരങ്ങളിൽ
തലോടലായ്
തണലേകിയവർ
      
       തോളോട് തോൾ ചേർന്ന്
       ഒപ്പം നടന്നവർ
       ഒറ്റയായപ്പോൾ
       ഒരായിരം കരത്തിൻ
       കരുത്തു പകർന്നവർ

വഴിയിരുണ്ടപ്പോൾ
വെട്ടമായെരിഞ്ഞവർ
ജ്ഞാനപ്രകാശമായ്
മുൻപേ നടന്നവർ
      
       മരണത്തിനോളം
       മരിക്കാതിരിപ്പവർ
       ഒരു പിൻവിളിക്കായ്
       കാത്തിരിക്കുന്നവർ..........

                          

Sunday 21 October 2018

വിരഹഗാനം...

പ്രണയത്തിന്റെ മുറിവില്‍ സ്വയം എരിവ് തേച്ചുറങ്ങാന്‍...
ഞാനെത്ര വിരഹഗാനം തിരഞ്ഞ് കേട്ടിട്ടുണ്ടെന്ന് അറിയുമോ..💔

Monday 15 October 2018

തിരിഞ്ഞുനോട്ടം.....

എനിക്കായി നീട്ടിയ ക്ഷണക്കത്തും വാങ്ങി മുന്നോട് നടന്നപ്പോൾ എന്തെന്നില്ലാതെ ഞാൻ തിരിഞ്ഞു നോക്കി കൂടെ
അവളും .....💚

      

Monday 8 October 2018

മഴ യാത്രകൾ


ഈർപ്പത്തിന്റെ
വിത്തുകൾ ,
മീശരോമ കൂപങ്ങളെ
പൊതിയുന്ന
മഴ യാത്രകൾ
നിന്റെ
രാത്രികളിലേക്ക്
തന്നെയാണ്
ചേക്കേറുന്നത്...

Wednesday 3 October 2018

അസ്തമയ സൂര്യനെ കാത്തിരുന്നവർ...

അസ്തമയ സൂര്യനെ കാത്തിരുന്നവർ

അസ്തമയ സൂര്യന്റെ പകലുകൾ
ക്ഷീണിച്ച കരങ്ങളിൽ വിറച്ചു
കണ്ണുകളിൽ ആർദ്രത പൂണ്ടു കേണു
സന്ധ്യയപ്പോഴും നവോഢയെപ്പോലെയൊരുങ്ങി
രാത്രിയുടെ കരാളഹസ്തങ്ങളിലെപ്പോഴൊ
യാമം മുല്ലപ്പൂക്കൾ ചൂടി
ദലമർമ്മരങ്ങൾ അവസാനത്തെ
നിശ്വാസവും പൊഴിച്ചു
പാതിയുറക്കത്തിൽ തിരിഞ്ഞുറങ്ങിയ സൂര്യ നുണർന്നില്ല.
കൈ വീശി യാത്ര പറഞ്ഞില്ല
വിധിയ്ക്കു വിട്ടു കൊടുക്കാൻ
മനസ്സു വരാതെ തേങ്ങിയ
എന്റെ നഷ്ടം ഇനിയാരു നികത്തും
ചന്ദ്രന്റെ ശീതളിമ എനിക്കു വേണ്ട
എനിക്കെന്റ സൂര്യന്റെ പകലുകൾ
വേണം
അവസാനിക്കാത്ത രാത്രികളിൽ
ഞാനിപ്പോൾ തിരയുന്നു
ഒരു നൂറു സൂര്യചന്ദ്രന്മാർക്കു
പകരം വെയ്ക്കാത്ത സൂര്യനെ
എന്നെ വിളിച്ചുണർത്തുന്ന പകലിനെ
പഠിപ്പിക്കുന്നു മനസ്സിനെ ഞാനും
ഉദിക്കാത്ത സൂര്യനെ കാണാൻ.....
       

പ്രണയം

നിന്നിലേക്ക് അടുക്കുംതോറും
എന്നിലെ പ്രണയം
വെറ്റിലയിൽ നൂറു കൂട്ടി
മുറുക്കുന്നതിനേക്കാൾ
ചുവക്കുകയാണ് പെണ്ണേ...!

Sunday 30 September 2018

കുറവുകൾ....

എന്റെ ഇഷ്ടം ഞാൻ നിന്നോട് തുറന്നുപറഞ്ഞപ്പോൾ എന്റെ ഇഷ്ടം മാത്രമേ ഞാൻ നോക്കിയുള്ളൂ എന്നിലെ കുറവുകളില്ലേക്ക് തിരിഞ്ഞു നോക്കാൻ ഞാൻ മറന്നുപോയി ....

Saturday 29 September 2018

ശരികൾ...

ഞാൻ ചെയ്യുന്നതെല്ലാം
എൻറെ ശരികളാണ്
എൻറെ ശരികൾക്കപ്പുറം
ഞാൻ ഒരു തെറ്റും
ചെയ്യാറില്ല..!

                    

Friday 28 September 2018

പട്ടാളക്കാർ...

പട്ടാളക്കാർ
〰〰〰〰
രാജ്യാതിർത്തിയിൽ
ഭടൻമാർ കാവൽ
നിൽക്കുമ്പോഴാണ്
നമുക്ക് ധൈര്യം
കൂടുന്നത്.

അവർ
കണ്ണടക്കാതിരിക്കുമ്പോഴാണ്
നമ്മൾ സുഖമായി
ഉറങ്ങുന്നതും
സ്വപ്നം കാണുന്നതും.

ശത്രുവിൻ
വെടിയുണ്ട
നെഞ്ചിൽ തറക്കുമ്പോഴും
അവസാന തുള്ളി രക്തവും
മാതൃഭൂമിക്കവർ നൽകുന്നു.

ഒരാൾക്ക് വേണ്ടി ജീവൻ
കളയുന്നതിനേക്കാളവർ
ഒരു ജനത്ക്ക് വേണ്ടി
ജീവൻ കളയുന്നു.

ഓരോ രാജ്യവും
നിൽക്കുന്നത്
ഓരോ ഭടന്റെ
കണ്ണുകളിലും
ദേശസ്നേഹത്തിലും......

Thursday 27 September 2018

മരണം....

എല്ലാം നേടി എന്ന്
അഹങ്കരിക്കുന്നവരുടെ
മുന്നിൽ
മരണം
വന്നു പറഞ്ഞു
നീ ഒന്നും നേടിയിട്ടില്ല..!

                 

Tuesday 25 September 2018

തോറ്റുപോയവൾ...

പ്രണയിച്ച് തോറ്റവളെ കണ്ടെത്തി ഒന്നുകൂടി പ്രണയിക്കണം.

തോൽവിയുടെ വേദനയറിഞ്ഞവളുടെ വിജയിക്കുവാനുള്ള ആഗ്രഹം ചെറുതാവില്ലല്ലോ?...💔

Monday 24 September 2018

Dreams...

ചില സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിനേക്കാൾ പ്രയാസമാണ്,
ചിലരില്ലാത്ത സ്വപ്‌നങ്ങൾ കാണാൻ ....❤

തിരിച്ചറിവ്..

എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നെന്നും.. ഞാൻ ഒരു കാമുകനായിരുന്നതും.. വിരഹത്തിന്റെ കാറ്റ് അടിച്ചപ്പോൾ ആണ് തിരിച്ചറിഞ്ഞത്..

Saturday 22 September 2018

താങ്ങ്...

താങ്ങായിരുന്നവർ
താങ്ങിട്ടുപോയാൽ
തേങ്ങിയിരിക്കാതെ
തളർത്താനാവില്ലെന്ന്
തെളിയിച്ചുകൊടുക്കണം ....

മോഹം

നിനക്ക് ഇഷ്ടം തോന്നുന്ന മനസ്സുകളെ കടമെടുത്ത്..
എന്നോടൊരു ഇഷ്ടം തോന്നിക്കാൻ..പലവട്ടം മോഹം തോന്നിയിട്ടുണ്ട്..

Thursday 20 September 2018

സമ്മാനം..

മരണത്തോളം മികച്ച സമ്മാനങ്ങൾ.. നമ്മളെ വെ റുക്കുന്നവർക്ക്‌ കൊടുക്കാൻ കഴിയില്ല എന്നതാണ് വാസ്തവം..

നേരങ്ങൾ....

ചില നേരങ്ങളിൽ....
ചിതറിയ ചില  ചിന്തകളുണ്ട്...  ചങ്ങലക്കിടേണ്ടവ ....
ചിലപ്പോൾ...
ചാരമാക്കാൻപോന്ന 
ചിതയൊരുക്കേണ്ടവ.....

Wednesday 19 September 2018

ഒരു യമണ്ടൻ പ്രേമലേഖനം ...

രാത്രിയിൽ ഇരുട്ട് അലങ്കാലരമാകുന്ന സമയം എനിക്കു വേണ്ടി നീ വികാരമില്ലാത്ത കളിപ്പാവയായി എന്റെ കിടക്കയിൽ അലിഞ്ഞുചേരും. ഞാൻ നിന്നെ പ്രാപിക്കുന്ന ഓരോ നിമിഷവും നിന്റെ വേദന നീ പലപ്പോഴും കണ്ണീരിൽ മാത്രം ഒതുക്കി എന്നിലേക്ക് ചേർന്ന് കിടക്കും. നിനക്ക്  സ്വന്തമായ അഭിപ്രയങ്ങളോ ഇഷ്ടങ്ങളോ ഇല്ല ഒരിക്കലും. ഞാൻ പറയുന്നത് അതേപടി അനുസരിക്കാനാണ് നിനക്ക് ഇഷ്ടം.
ഞാൻ ചെയ്ത പല കാര്യങ്ങളും തെറ്റാണെന്ന് അറിഞ്ഞിട്ടും  ഒരിക്കൽ പോലും നീ എന്നെ തിരുത്തിയില്ല. ഒരു കാര്യം നീ തിരിച്ചറിയുന്നുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല.  എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് ഇല്ലാതാകുന്നത് നിന്റെ ജീവിതം കൂടിയാണ് .
ഒന്നു ഉറപ്പ് തരാം നിന്റെ ആഗ്രഹങ്ങൾകു ഞാൻ ഒരിക്കലും തടസ്സമാകില്ല.
നിന്റെ ഇഷ്ടത്തിലുടെ എന്നെ പ്രണിയിക്കു എന്റെ മരണംവരെ.
നിന്റെ ഇഷ്ടങ്ങൾ മറുപടി കത്തിലൂടെ അറിയിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

എന്ന് നിന്റെ മാത്രം സ്വന്തം..................

Tuesday 18 September 2018

പ്രണയയുദ്ധം....

കാമുകനേക്കാൾ മികച്ചൊരു
യോദ്ധാവോ
കാമുകിയേക്കാൾ മികച്ചൊരു
ലക്ഷ്യമോ
പ്രണയയുദ്ധത്തിലില്ല ....

കിനാക്കൾ...

"ഒറ്റപ്പെടുമെന്നു തോന്നുമ്പോഴൊക്കെ
ഒറ്റയ്ക്കിരുന്നു ഓർത്തെടുക്കാറുണ്ട് ഒരായിരം കിനാക്കൾ"

Monday 17 September 2018

അവകാശി....

" ചില എഴുത്തിന് അവകാശി
എഴുതിയ ആൾ മാത്രമല്ല...
എഴുത്തിലുള്ള അയാളുടെ #ആ_ഒരാളും അവകാശിയാണ്..."

Sunday 16 September 2018

ലക്ഷ്യം

കുത്തൊഴുക്കിൽ പെട്ടു
ഒഴുകുമ്പോഴും
പുഴയുടെ ലക്ഷ്യം
കടൽ തന്നെയാണ്...

Saturday 15 September 2018

നിനക്ക്

നിനക്ക്

ജീവിതത്തിന്റെ ഇടനാഴികളിൽ ഇന്നും നിന്റെ മിഴികളുടെ കൂർമ്മതയിൽ ഞാൻ
അറ്റുപോകാറുണ്ട്....
എന്റെ കൈതണ്ടയിൽ
മുറുകിയ നിന്റെ മിനുസമുള്ള വിരലുകളുടെ
സ്പർശമേൽക്കാറുണ്ട്
ഒരു കുപ്പിവളത്തുണ്ടിന്റെയോർമ്മകളിൽ
ചായം പൂശിയതിൻ
ചാരുതയിൽ മനസ്സഴിയാറുണ്ട്....

യാന്ത്രികതയുടെ
കൊടുങ്കാറ്റിൽ
കടമകളുടെയും
കർത്തവ്യങ്ങളുടെയും
നിറവിലെ മരുപച്ചയിലായിരുന്നു
നീയന്നു നടന്നു നീങ്ങിയതും ഞാൻ
പിടഞ്ഞുവീണതും....

ഞാനൊന്നു ചോദിക്കട്ടെ ! മറവിയുടെ മറവിലെ
സ്മരണകളുടെ
കനലുകളല്ലെ നമ്മളിന്നും....
ആർക്കുമണയ്ക്കാൻ
കഴിയാത്ത ഹൃദയത്തിന്റെ നെരിപ്പോടുകളിൽ മാത്രമെരിയുന്ന
കെടാകനലുകൾ....

Thursday 13 September 2018

വിരാമം (കവിത)

വിരാമം..

ഒരവസാനം കുറിച്ചുകൊണ്ട്
നീ വരുമ്പോൾ....
നടന്നുനീങ്ങുന്ന
പാദങ്ങളാരുടെ
മിഴികളീറനണിയിക്കുന്നു....?
കൊഴിഞ്ഞു വീണ
ഇലകളൊരു കാലയളവിന്റെ
സ്മൃതികളുണർത്തുന്നു.....
കാൽച്ചുവട്ടിൽ
വെന്തമണ്ണൊന്നു
കുളിരണിയാനും,
അങ്ങകലെ
മൂടിക്കെട്ടിയ വാനവീഥിയിൽ
മേഘതുണ്ടുകളൊന്നു
പെയ്തൊഴിയാനും
കാത്തിരിക്കുന്നു....

തിന്മകളിൽ നീവാഴുമ്പോൾ
നന്മകളിൽ നീ മരിക്കുന്നു....
ഒരു ശ്വാസത്തിൻ
അന്ത്യത്തിലും
നിനക്കു പിറക്കാം!
ചലനമറ്റൊരു ദേഹത്തിലുറങ്ങാം....

ബന്ധങ്ങളിലെ
ബന്ധനങ്ങളഴിച്ചു
നിനക്കു ചിരിക്കാം....
പ്രണയത്തിൻ വാതിൽ കൊട്ടിയടച്ചതിലൊരു
വില്ലന്റെ കത്തിയോങ്ങാ,മൊരു
പ്രതികാരദാഹിതൻ
രക്തമണിയാ,മൊരു
പ്രണയനൈരാശ്യത്തിൻ
ആത്മഹത്യയിലൊടുങ്ങാം.....

ഒരു താലിതൻ ചിത്രം
മായ്ക്കാം....
ഒരു ജന്മത്തിന്റെ സ്നഹപ്രവാഹത്തിലൊരു
തടയണയിടാം....
ഒരു പുതുപുലരിയ്ക്കായെല്ലാം ത്യജിക്കാം.....
ഒരു നല്ല മനുഷ്യന്റെ
പ്രതിജ്ഞയിലേറാം !

പുഴ ഒരുങ്ങി വന്നപ്പോൾ....

പുഴ ഒരുങ്ങി വന്നപ്പോൾ
〰〰〰〰〰〰〰〰
വേനലിൽ
ദാഹ പാരവശ്യത്താൽ
പുഴയിലെ
ജലത്തെ നാം തേടി
നടന്നു.....

പുഴയുടെ
മാറിടത്തിൽ
ജെ സി ബി കൊണ്ട്
തുരന്നു നോക്കി.

മണലെല്ലാം
ഊറ്റിയെടുത്ത
പുഴയെ നാം
ശ്മശാനഭൂമിയാക്കി.
പുഴയിപ്പോൾ
ജീവച്ഛവം.....

ഭൂതകാലത്തിന്റെ
ഉൾവിളി കേട്ടു
സടകുടഞ്ഞെഴുന്നേറ്റു,
എന്തെന്നില്ലാത്ത വിധത്തിൽ
നദികളും,
പുഴകളും
അണിഞ്ഞൊരുങ്ങി
ലാസ്യതാണ്ഡവമാടി...

എന്റെ
വസന്തകാലത്ത് ഞാൻ
ഇങ്ങിനെയാണെന്ന്
കാണിക്കാൻ പുഴ
മനുഷ്യനെ തേടി വന്നു....

മതിയാവോളം
പ്രളയംതന്നു
വിടവാങ്ങി...
ധരണിയിൽ
ജലലഭ്യത കുറവ്
ഒരു മനുഷ്യനും
പറഞ്ഞ ചരിത്രം
കേട്ടിട്ടില്ല്ലാ.....

അജ്ഞാതം..

ഓർക്കാൻ കൊതിച്ചവരെയും ... മറക്കാൻ ആഗ്രഹിച്ചവരെയും... നമ്മൾ ഓർക്കാറുണ്ട്...
ഒരാളെ മറക്കുവാനുള്ള വഴികൾ അജ്ഞാതമാണ് നമുക്കിന്നും..❤

കണ്ടുമുട്ടിടാം....

പറയുവാനുണ്ടെനിക്കിന്നു-
നിനക്കേറ്റവും
പ്രിയമെഴും വാക്കുകൾ...
പ്രിയതേ,
കണ്ടുമുട്ടിടാം വീണ്ടും നമുക്കിനി
കണ്ടിട്ടും കാണാതെ പോവുന്നൊരിടമതിൽ...
നിന്നിൽ ഞാൻ മറവിയായി
മാറുകില്ലെന്നറിയാം...
അത്രമേൽ ഞാൻ നീയായി മാറിയിന്ന്...
ഇടനെഞ്ചിലുണ്ടാവുമെന്നുമെന്നും
ഈ ഇടതന്റെ ഇണയെന്ന പോലെയെന്നും...
വിടയെന്നതില്ല,
കണ്ടുമുട്ടേണ്ടവർ നാം...
പക്ഷെ....?

Wednesday 12 September 2018

നമ്മൾക്കിടയിലെ അകലം തോറ്റു പോയോ...?

നമ്മൾക്കിടയിലെ അകലം തോറ്റു പോയോ...?
പോയിരിക്കണം...
അല്ലെങ്കിൽ പിന്നെങ്ങനെയാണ്
കാണാതിരുന്നിട്ടും
നമ്മുടെ ഓരോ
രാത്രികളും
സ്വപ്‌നങ്ങൾ കൈമാറിയത്,
നമ്മുടെ പ്രണയം
ഇത്രയും ആഴങ്ങളിൽ നിറഞ്ഞത്...
അതെ, അകലം തോറ്റിരിക്കുന്നു..

കാത്തിരിപ്പ്

ഓർമ്മകളുടെ ആഴം കൂട്ടാൻ
കഴിയുന്നാണ് കാത്തിരുപ്പ്
ആ കാത്തിരിപ്പിനു പറയാൻ
ഒരുപാട് കഥകൾ കാണും
സ്നേഹത്തിന്റെ കാത്തിരുപ്പ്
വേർപാടിന്റെ ദുഃഖംകുറയ്ക്കും...

പ്രണയം.....

ആത്മാർത്ഥ പ്രണയത്തിന്റെ
സൂക്ഷിപ്പുകാരുണ്ട്,
ചില ഒറ്റയാൾ പ്രണയങ്ങൾ...
തോറ്റ് പോയാൽ ഒരായുസ്സിന്റെ ദുരന്തവും
ജയിച്ചാൽ ജീവന്റെ പാതിയേയും
കിട്ടിയേക്കാവുന്ന പരീക്ഷ എഴുതുന്നവർ...
ആത്മാർത്ഥ പ്രണയത്തിന്റെ സൂക്ഷിപ്പുകാർ...

Tuesday 11 September 2018

സൗഹൃദം

നടുവൊടിഞ്ഞ പ്രണയമേ...
നിനക്കായി കാലം തന്ന ഊന്നുവടിയാണ് എൻ സൗഹൃദം...

   

അഴലിന്റെ അഴങ്ങൾ

നോവിച്ചതത്രയും
നീയാണെന്നറിഞ്ഞിട്ടും
നിന്നിലേക്ക്‌ മാത്രം
ഉൾവലിയുന്നൊരു
സ്നേഹക്കടൽ
ഉണ്ടെന്നുള്ളിൽ....

ഒറ്റപ്പെടൽ

ചുറ്റും
ഒരുപാടുപേരുണ്ടായിട്ടും
ഒറ്റപ്പെടൽ
അനുഭവിക്കുന്നത്
സ്വന്തം ലോകം
ഒരാളിലേക്ക് മാത്രം
ചുരുക്കിയവരാണ് ....