Sunday 6 November 2016

മനസ്സ്

ഇടയ്ക്കൊക്കെ
മൌനത്തിന്റെ
ഇരുണ്ട കൂടാരത്തിലേയ്ക്ക്
കയറി പോകാറുണ്ട് മനസ്സ് .

അസന്തുലിതമായ
തപശ്ചര്യകൾ കൊണ്ട്
വീർപ്പു മുട്ടാറുണ്ട് .

അതിമോഹങ്ങളുടെ
മരീചികകളിലേയ്ക്ക്‌
ഇടംകണ്ണിടാറുണ്ട് .

വേവലാതികളുടെ
പുകപുരണ്ട
ചുമരകങ്ങളിലേയ്ക്ക്
മനസ്സുകൊടുക്കാറുണ്ട് .

കനിവിന്റെ തെളിനീർ കുടിച്ച്
കണ്ണുകൾ ആർദ്രതയുടെ
പാടകളാൽ നിമീലിതമാവാറുണ്ട് .

നിയമാവലികൾ തീർത്ത
മതിൽക്കെട്ടുകൾ
തച്ചുടയ്ക്കാൻ 
ഇരുമ്പുഗദകളേന്താറുണ്ട് .

ആരാധനയുടെ നാനാത്വങ്ങളിലേയ്ക്ക്
കൌതുകയാത്രകൾ നടത്താറുണ്ട് .

അസ്വസ്ഥതകളുടെ
നായ്ക്കുരണകളാൽ
കലുഷിതമെങ്കിലും
പ്രസന്നതയുടെ മേലാപ്പണിഞ്ഞ്
പുഞ്ചിരിക്കാൻ ശ്രമിക്കാറുണ്ട്.

സ്വാസ്ത്യം തേടി
ലക്ഷ്യമില്ലാതലയുന്ന
മനസ്സേ ...

ഹൃദയമിടിപ്പുകളെ
പതിതാളത്തിലേയ്ക്ക്
നയിക്കൂ .

നിന്റെ
ദ്രവിച്ചുപൊട്ടാറായ
കടിഞ്ഞാണുകളെടുത്ത്  ശാന്തതയുടെ
പുൽമേടുകളിലേയ്ക്ക്
സ്വയം തെളിക്കുക ...!

No comments:

Post a Comment