Wednesday 2 November 2016

അങ്ങനെ ചില തേടിയിറങ്ങലുകള്‍

*അങ്ങനെ ചില തേടിയിറങ്ങലുകള്‍..*
-----------------------------

എങ്ങനെ
പൊടുന്നനെ ഒരാള്‍
അക്ഷരങ്ങളെ തൂത്തുകളഞ്ഞ്
ഒച്ചയില്ലായ്മ്മയിലേക്ക്
തല പൂഴ്ത്തുന്നുവെന്ന്,

എങ്ങനെ
അവന്‍റെ മുറി
കാറ്റ് പോലും
കയറി നോക്കാതെ
ചാവിനു കൂട്ടിരിക്കുന്നതെന്ന്,

നിര്‍ദ്ധാരണം
സാധ്യമാവാത്ത
സമവാക്യങ്ങളുടെ
മേടുകളിലേക്ക്
അവന്‍ തന്‍റെ
മൃഗങ്ങളെ
തീറ്റ തേടാന്‍ വിടുന്നതെന്ന്,

എങ്ങനെ
സ്വന്തം പുറം തേടുന്ന
ഒരു
ചാട്ടത്തുമ്പിലേയ്ക്ക്
അവന്‍ തന്നെ
അന്വേഷിച്ചു തുടങ്ങുന്നുവെന്ന്‍,

എങ്ങനെ അവന്‍
തന്‍റെ വിസര്‍ജ്ജ്യങ്ങളുടെ
ഫോസിലുകളിലേക്ക്
അടയാളങ്ങളെ
തിരഞ്ഞു പോവുന്നതെന്ന്,

എപ്പോഴവന്‍
തന്‍റെ കണ്ണിലേക്ക്
ഉദ്ധരിച്ച സ്വന്തം
നടുവിരല്‍ ആവുന്നതെന്ന്,

എങ്ങനെയവന്‍
പൊഴിച്ചു കളഞ്ഞ
തോടിനകത്തെ
പശിമയിലേക്ക്
ഒട്ടിപ്പോകുന്നതെന്ന്,

എത്ര എളുപ്പത്തില്‍
അവന്‍
നിങ്ങളുടെ
കണ്ണില്‍പ്പെടാതെ
ചത്തു പോവുന്നതെന്ന്,

അടയാളമിട്ട
ഒരു വെള്ളാരം കല്ല്‌
പുഴയെടുത്ത്
കടലിന്‍റെ
ആഴത്തില്‍ മായ്ച്ചു കളയുന്നു...

ഏതന്തര്‍ വാഹിനിയാണ്
മാഞ്ഞുപോയ ആ അക്ഷരം
തേടിയിറങ്ങുന്നത്...!?

No comments:

Post a Comment