Saturday 10 November 2018

അവസാന വരി.....

"ഒരിക്കൽ എന്നെ
തിരയേണ്ടി വരും.
അന്ന്,
അവസാന എഴുത്തിന്റെ
അവസാന വരിയിൽ
തിരിച്ചറിയാനാവാത്ത വിധം
ഞാൻ പ്രത്യക്ഷമാകും.
അവസാന വാക്കിന് തൊട്ടു മുൻപ്
ഞാൻ വിട തരും...
ഉറപ്പ്..! "

Friday 9 November 2018

അച്ഛൻ...

അച്ഛന്റെ അതെ ശീലങ്ങളാണ് മോനും എന്ന് കേട്ടുതുടങ്ങിയപ്പോഴാണ്,
എന്റെ ശീലങ്ങളെ ഞാൻ ഇഷ്ട്ടപെട്ടുതുടങ്ങിയത്....

പ്രാർത്ഥന....

ചെമ്പനീർ പൂവിന്റെ നൊമ്പരം പേറുന്ന പൂമ്പാറ്റയായിന്നു മാറിടുവാൻ...
കടലിന്റെ ആഴത്തിൽ ഒഴുകി മറയുന്നൊരാ നദി തന്റെ ഓളങ്ങളായീടുവാൻ...
ഒരു മഴ ചാർത്തിനെ കൊതിയോടെ പുൽകുവാൻ കേഴുന്ന വേഴാമ്പലായീടുവാൻ..
വീണ്ടുമീ ഇരുളിനെ നിറദീപമാക്കുന്ന ഒരു കൊച്ചു തിരിനാളമായിടുവാൻ...
കൊഴിയാൻ കൊതിക്കുന്ന ഇത്തിരിപ്പൂവിന്റെ ഒടുവിലെ പുഞ്ചിരിയായീടുവാൻ...
കരയുന്ന കുഞ്ഞിന്റെ നാവിലായ് നൽകുന്ന അമ്മതൻ ഔഷധമായിടുവാൻ..
ആദ്യമായി ഋതുനിണം ചൊരിയുന്ന പെണ്ണിൻറെ നെഞ്ചിലെ സ്വപ്നങ്ങളായിടുവാൻ....
പുലരിയിൽ കുളിരേറ്റ പുൽനാമ്പിനൊരുനേരത്ത ഇളവെയിലായിനു മാറിടുവാൻ... ഏതോ നിരാശയാൽ എങ്ങോ മറയുന്നു കാറ്റിന്റെ പ്രത്യാശയായിടുവാൻ...
മരണം കൊതിക്കുന്ന മനുജന്റ ചുണ്ടിലെ ഒടുവിലെ പ്രാർത്ഥനയായിടുവാൻ...
ദൈവമേ മാറ്റിടൂ.. എന്നെ നീ മാറ്റിടൂ... പുഞ്ചിരിതൂകുന്ന വെൺപിറാവായ്.....

© Ebin Baby - Kurumulamthadathil

Thursday 8 November 2018

കൂട്ട്

നിങ്ങൾക്കുമുണ്ടോ
ചിലകൂട്ടുകാർ
നിനച്ചിരിക്കാത്ത നേരത്ത്
വഴിമാറി നടന്നവർ
      
       പെരുമഴയത്ത്
       ഒറ്റയ്ക്ക് നിർത്തി
       നക്ഷത്രച്ചിറകേറിപ്പോയവർ

ചെയ്യാത്ത തെറ്റിന്
ശിക്ഷ വിധിച്ച്
നടപ്പിലാക്കുന്നവർ
      
       ഓർമകളിൽ
       കണ്ണീരായ്
       പെയ്തിറങ്ങുന്നവർ

നൊമ്പരങ്ങളിൽ
തലോടലായ്
തണലേകിയവർ
      
       തോളോട് തോൾ ചേർന്ന്
       ഒപ്പം നടന്നവർ
       ഒറ്റയായപ്പോൾ
       ഒരായിരം കരത്തിൻ
       കരുത്തു പകർന്നവർ

വഴിയിരുണ്ടപ്പോൾ
വെട്ടമായെരിഞ്ഞവർ
ജ്ഞാനപ്രകാശമായ്
മുൻപേ നടന്നവർ
      
       മരണത്തിനോളം
       മരിക്കാതിരിപ്പവർ
       ഒരു പിൻവിളിക്കായ്
       കാത്തിരിക്കുന്നവർ..........