Saturday 5 August 2017

പെണ്ണ് കാണുന്നവരുടെ നൊമ്പരങ്ങൾ....

പെണ്ണ് കാണുന്നവരുടെ
നൊമ്പരങ്ങൾ....

എന്‍റെ പൊന്നു സഹോദരിമാരെ , നിങ്ങളോട് ഞങ്ങള്‍ക്ക് ഒരപേക്ഷയുണ്ട്.. !

ഈ പ്രണയം എന്ന് പറയുന്നത് ഒരു മഹാ അപരാധമൊന്നുമല്ല..

അതുകൊണ്ട് തന്നെ ഞങ്ങളില്‍ ആരെങ്കിലും നിങ്ങളെ പെണ്ണ് കാണാന്‍ നിങ്ങളുടെ ആരുടേയെങ്കിലും വീട്ടിലേക്ക്  വരുമ്പോള്‍ , നിങ്ങള്‍ക്ക് എങ്ങാനും  വീട്ടിലറിയാത്ത വല്ല പ്രണയമോ ഇഷ്ടങ്ങളോ ആരോടെങ്കിലും  ഉണ്ടെങ്കില്‍  ദൈവത്തെ ഓര്‍ത്ത് ആ കാര്യം  ഞങ്ങളോടൊന്ന് സൂചിപ്പിക്കണേ......?

പറയുന്നത് വേറൊന്നും കൊണ്ടല്ല...

നിങ്ങളെങ്ങാനും  കല്ല്യാണ ദിവസം  കാമുകന്‍റെ കൂടെ ഒളിച്ചോടി പോയാല്‍...

നിങ്ങള്‍ക്കറിയോ സഹോദരിമാരെ ,
ഒരുപാട് മോഹിച്ചിട്ടുണ്ട് ഞങ്ങള്‍ ഒരാളുടെ ഇഷ്ടം നേടുവാനും , അവളെ സ്വന്തമാക്കുവാനും.. പക്ഷെ  ആ മോഹം ഇതുവരെ ഒരു മോഹമായി തന്നെ നില്‍ക്കുകയായിരുന്നു

ഒരാളെ പ്രണയിക്കാന്‍ ഞങ്ങളും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ പ്രണയം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം കേട്ടറിവും കണ്ടറിവും മാത്രമായിരുന്നു..

വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തി കുളിച്ച് മാറ്റി കവലയിലേക്കിറങ്ങിയാല്‍ പറഞ്ഞ് കേള്‍ക്കുന്ന കൂട്ടുകാരുടെ പ്രണയമായിരുന്നു ഞങ്ങള്‍ കേട്ട  പ്രണയം...

പിന്നെ പത്ത് കഴിഞ്ഞ് കുറച്ച് കറങ്ങി നടന്ന് ജോലിക്കിറങ്ങിയത് കാരണം കൊളേജില്‍ പോവ്വാനെ പെണ്‍കുട്ടികളോടൊക്കെ സംസാരിക്കാനോ അടുത്തിടപഴകാനോ സാധിച്ചതുമില്ല , അതിനൊരു അവസരം വേറെ കിട്ടിയതുമില്ല..

പക്ഷെ ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും ഞങ്ങള്‍ ആരോടും പറയാതെ മനസ്സില്‍ കൊണ്ട് നടക്കാറുണ്ടായിരുന്നു ..

ആ സ്വപ്നങ്ങളിലിങ്ങനെ മതിമറന്ന് ജീവിക്കുമ്പോഴാവും ആറ്റ് നോറ്റ് ഒടുവില്‍ ഒരു കല്ല്യാണം ശരിയാവുന്നത്...

അതെ , സഹോദരിമാരെ ,....വരാന്‍ പോകുന്ന സുന്ദര മുഹൂര്‍ത്തങ്ങളെ അനുകരിച്ചും അഭിനയിച്ചും ഞങ്ങളിങ്ങനെ നിങ്ങളെ കിനാവു കണ്ട് സ്വപ്നലോകത്ത് ജീവിച്ച്, ജീവിച്ച് ഒടുവില്‍ കല്ല്യാണ ദിവസം നിങ്ങള് നിങ്ങളുടെ കാമുകന്‍റെ കൂടെ നൈസായി അങ്ങോട്ട് ഒളിച്ചോടിപ്പോയാല്‍ പിന്നെ ഞങ്ങളുടെ സഥിതി എന്താവും ...

കാശും പണവും കയ്യിലില്ലെങ്കിലും ആകെയുള്ളത് കുറച്ച് അഭിമാനമാണ്. അത് നിങ്ങളായിട്ട് ഇല്ലാതാക്കരുത്..

നിങ്ങള്‍ക്ക് മറ്റൊരാളെ ഇഷ്ടമാണെങ്കില്‍ അത് ഞങ്ങളോട് തുറന്ന് പറയുക. ഞങ്ങളീ കല്ല്യാണത്തില്‍ നിന്ന് എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി പറഞ്ഞ് നിങ്ങള്‍ക്ക് ദോഷമാവാത്ത രീതിയില്‍ മാറി തന്നോളാം 
അല്പസ്വല്പം വായ്നോട്ടവും കമന്‍റടിയും ഉണ്ടെന്നുള്ളതൊഴിച്ചാല്‍ ഞങ്ങളില്‍ ഭൂരിഭാഗവും പാവങ്ങളാണ് ...

ആണായി പിറന്നത് കൊണ്ട് മാത്രം സങ്കടങ്ങളും വിഷമങ്ങളും സ്വപ്നങ്ങളും മോഹങ്ങളും പുറത്തറിയിക്കാതെ ഉള്ളിലൊതുക്കി കൊണ്ട് നടക്കുന്ന പാവങ്ങള്‍...

നിങ്ങളൊന്നും ഇതു വരെ മനസ്സിലാക്കാത്ത , മനസ്സിലാക്കാന്‍ ശ്രമിക്കാത്ത വികാരവിചാരങ്ങളുള്ള വെറും പാവങ്ങള്‍ ...

സ്നേഹിച്ചില്ലെങ്കിലും ഞങ്ങളെ ദ്രോഹിക്കരുത് സഹോദരിമാരെ , ദൈവം പൊറുക്കൂല്ല...!

No comments:

Post a Comment